എഴുതാത്തതിന് എഴുതിയതിനേക്കാൾ തീവ്രത ഉണ്ട്. ചിന്തകളിൽ നിന്ന് കയ്യിലേയ്ക്ക് പടർത്താൻ കഴിയാത്ത വേദനയുണ്ട്. വീണ്ടും വായിച്ചു വ്രണപ്പെടാൻ കഴിയാത്ത മുറിവുകളുണ്ട്. അവയൊക്കെയും എന്റെ ജീവിതങ്ങളായിരുന്നു. ശെരിയാണ് ചിന്തകളാണ് മനുഷ്യനെ നയിക്കുന്നത്. ഒരു ശരീരത്തെ നിയന്ത്രിക്കാൻ അവയ്ക്ക് കഴിയും. ഇടയ്ക്ക് ഈ നിയന്ത്രണം ഓർമകൾ കൂടി ഏറ്റെടുക്കുന്നുണ്ട്. അപ്പോഴൊക്കെയും ഓർമ്മകൾ പിടിച്ചു നിർത്തുകയും ചിന്തകൾ മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്യും. എന്ത് ചെയ്യണമെന്നറിയാതെ കുഴയും. വേദനകളിൽ മുന്നോട്ട് പോകാൻ കഴിയാതെ നിലച്ചു പോകും. ഇനി മുന്നോട്ട് പോകാൻ വയ്യ എന്ന് പറയും. അപ്പോഴും കഴുത്തിൽ കെട്ടിയ കയറിന്റെ ഒരറ്റം ചിന്തകളുടെ കയ്യിലാവും. അവ പിടിച്ചു വലിക്കും. തളർന്നു പോയാലും വലിച്ചിഴച്ചു കൊണ്ട് പോയി വാശി കാണിക്കും.ഇതെല്ലാം മനസ്സിന്റെ കളികളാണെന്ന് മനസ്സിലാക്കാതിരിക്കാൻ ഞാൻ മണ്ടനല്ല. ഇടയ്ക്ക് മനസ്സിന് ഞാൻ ചെറുതായി ഒരു സുഖം പകരും. എന്നിട്ട് അവയെ കുത്തിമുറിവേൽപ്പിക്കും. ഒരു ഭ്രാന്തമായ ഒന്ന്. എന്തോ ഒന്ന് ഇപ്പോഴും അവശേഷിക്കുന്നു....